Tuesday, 30 July 2013

എല്‍.ഡി.സി വിജ്ഞാപനം 31ന്; പരീക്ഷ നവംബര്‍ ഒമ്പതു മുതല്‍

എല്‍.ഡി.സി വിജ്ഞാപനം 31ന്; പരീക്ഷ നവംബര്‍ ഒമ്പതു മുതല്‍

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള പി.എസ്.സി. യുടെ പരീക്ഷ നവംബര്‍ ഒമ്പതിന് ആരംഭിക്കും. എട്ടുഘട്ടങ്ങളായുള്ള പരീക്ഷയില്‍ അവസാനത്തേത് 2014 മാര്‍ച്ച് ഒന്നിന് നടക്കും. നവംബര്‍ ഒമ്പതിന്റെ ആദ്യപരീക്ഷ തിരുവനന്തപുരം, കാസര്‍കോട് ജില്ലകളുടേതാണ്.

കൊല്ലം, കണ്ണൂര്‍ ജില്ലകളുടേത് നവംബര്‍ 23നും പത്തനംതിട്ട, തൃശൂര്‍ ജില്ലകളുടേത് ഡിസംബര്‍ ഏഴിനും എറണാകുളം, വയനാട് ജില്ലകളുടേത് 2014 ജനവരി നാലിനുമാണ് നടക്കുക. ആലപ്പുഴ, കോഴിക്കോട് ജില്ലകളുടേത് ജനവരി 18നും കോട്ടയം, പാലക്കാട് ജില്ലകളുടേത് ഫിബ്രവരി എട്ടിനും മലപ്പുറം, ഇടുക്കി ജില്ലകളുടേത് ഫിബ്രവരി 22നും നടക്കും.

എല്ലാ ജില്ലകളിലേയും തസ്തികമാറ്റം വഴിയുള്ള അപേക്ഷര്‍ക്കുള്ള പരീക്ഷ മാര്‍ച്ച് ഒന്നിനും നടത്തും. ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം. നേരത്തെ നിശ്ചിയിച്ചിരുന്നതില്‍നിന്ന് ഒരുമാസം വൈകിയാണ് ഇപ്പോള്‍ പരീക്ഷ തുടങ്ങുന്നത്.

ഇതിനുള്ള വിജ്ഞാപനം ജൂലായ് 31ന് പ്രസിദ്ധീകരിക്കും. സപ്തംബര്‍ നാലാം തീയതി രാത്രി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. ഇതുസംബന്ധിച്ചുണ്ടായ അനിശ്ചിതത്വം കാരണമാണ് വിജ്ഞാപനം വൈകിയത്. ജൂണ്‍ 29ന് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നതാണ്. സ്‌പെഷ്യല്‍റൂള്‍ ഭേദഗതി ചെയ്യാത്തതിനാല്‍ യോഗ്യത ഏകീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയ പി.എസ്.സി വിജ്ഞാപനം നീട്ടിവെച്ചു.

സ്‌പെഷ്യല്‍റൂള്‍ ഭേദഗതി ചെയ്യുന്നതുവരെ എല്‍.ഡി. സി നിയമനത്തിന് എസ്.എസ്.എല്‍.സി യോഗ്യത മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.എസ്.എല്‍.സി യോഗ്യതയാക്കി പി.എസ്.സി വിജ്ഞാപനമിറക്കാന്‍ തയാറായത്. പരീക്ഷ മലയാളത്തിലായിരിക്കും. 2015 മാര്‍ച്ച് 31ന് പുതിയ റാങ്കുപട്ടിക പ്രസിദ്ധീകരിക്കാനാകുന്നവിധമാണ് പരീക്ഷയും മൂല്യനിര്‍ണയവും ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ള റാങ്കുപട്ടികയുടെ കാലാവധി 2015 മാര്‍ച്ച് 30ന് അവസാനിക്കും.

No comments:

Post a Comment