Wednesday, 21 August 2013

ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ് പിന്‍വലിച്ചു

ജോലിക്ക് മലയാളം അറിയണമെന്ന ഉത്തരവ് പിന്‍വലിച്ചു 


തിരുവനന്തപുരം : സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ പത്താംക്ലാസ് വരെയെങ്കിലും മലയാളം പഠിച്ചിരിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മലയാളത്തില്‍ യോഗ്യതാ പരീക്ഷ പാസായിരിക്കണമെന്നായിരുന്നു ചട്ടം. ഭാഷാന്യൂനപക്ഷ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയത്. ജൂലായ് 24 ന് ചേര്‍ന്ന മന്ത്രിസഭയുടേതാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ മലയാളം അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ കൊണ്ടുവന്നത്. സംസ്ഥാന മന്ത്രിസഭയായിരുന്നു ഈ തീരുമാനമെടുത്തത്. ഇത് നടപ്പാക്കാനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും ഔദ്യോഗിക ഭാഷാവകുപ്പും ഈ തീരുമാനത്തോട് യോജിക്കുകയും പി.എസ്.സി യോട് നിര്‍ദേശം ചോദിക്കുകയും ചെയ്തു.

പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ എന്‍ട്രി കേഡറില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മലയാളം മിഷന്റെ കീഴിലുള്ള സീനിയര്‍ ഹയര്‍ ഡിപ്ലോമ പാസാകണം. എന്നാല്‍ ക്ലാസ് ഫോര്‍ ജീവനക്കാരെ ഇതില്‍ നിന്ന് ഒഴിവാക്കണം. നിലവില്‍ സേവനമനുഷ്ഠിക്കുന്നവരെയും ഒഴിവാക്കാം. ഇതിനുള്ള പരീക്ഷ പി.എസ്.സി നടത്തും. ഇതിനനുസരിച്ച് ചട്ടത്തില്‍ ഭേദഗതി വരുത്താമെന്നായിരുന്നു പി.എസ്. സിയുടെ ശുപാര്‍ശ.

ചട്ടം ഭേദഗതിക്കായി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പായി ഫയല്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കുവന്നപ്പോഴാണ് സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിഞ്ഞിരിക്കണമെന്ന നിര്‍ദേശം തന്നെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഭാഷാന്യൂനപക്ഷ വിഭാഗങ്ങള്‍ ഉയര്‍ത്തിയ സമ്മര്‍ദമാണ് ഇത്തരമൊരു തീരുമാനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു.

മലയാളം ശ്രേഷ്ഠഭാഷയാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ മാതൃഭാഷ അറിയണമെന്ന നിര്‍ദേശം ഊര്‍ജം പകര്‍ന്നിരുന്നു. സമാന്തരമായി മലയാളം ഒന്നാംഭാഷയാക്കുകയും ചെയ്തു. എന്നാല്‍ കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ഈ നിര്‍ദേശത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. ഭാഷാന്യൂനപക്ഷത്തിന്റെ അവകാശത്തെ ഹനിക്കുന്നതൊന്നും ഇല്ലാതിരുന്നിട്ടും ഈ ഉത്തരവ് പിന്‍വലിച്ചതിനെ ഐക്യമലയാളപ്രസ്ഥാനം എതിര്‍ത്തു. മലയാളം മാതൃഭാഷയായി 96.4 ശതമാനമാണ്. മലയാളവിരുദ്ധരുടെ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കീഴ്‌പ്പെടുകയായിരുന്നുവെന്നും പ്രസ്ഥാനം കുറ്റപ്പെടുത്തി.

മറ്റ് സംസ്ഥാനങ്ങളിലൊക്കെ അതത് മാതൃഭാഷയറിഞ്ഞാല്‍ മാത്രമേ അവിടങ്ങളില്‍ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്ന ചട്ടം നിലനില്‍ക്കുന്നുണ്ട്.

No comments:

Post a Comment